കടുവയ്ക്കുശേഷം തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാമും നടന് പൃഥ്വിരാജും ഒരുമിക്കുന്ന ഫാമിലി ആക്ഷന്‍ മാസ് കമേഴ്സ്യല്‍ ത്രില്ലര്‍, "ഖലീഫ' 20നു തിയറ്ററുകളില്‍. ജിനുവും സംവിധായകന് വൈശാഖും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നിര്‍ണായക അതിഥിവേഷത്തിലെത്തുന്നു. സ്വര്‍ണം കൊണ്ട് തീർക്കുന്ന പ്രതികാരമാണു സിനിമ പറയുന്നത്.
"തിയറ്ററിലെത്തി ആര്‍പ്പുവിളിച്ച്, കയ്യടിച്ച്, ഈ ഉത്സവകാലം എന്ജോയ് ചെയ്തു പോകാന്‍ പറ്റുന്ന സിനിമ. എന്നാല്‍ അതില്‍ കാമ്പുള്ള കഥയും കഥാപാത്രങ്ങളും ഇമോഷന്‍സും പ്രണയവുമൊക്കെയുണ്ട്. അങ്ങനെയൊരുപാടു ലെയറുകളുള്ള കഥകള്‍ വീണുകിട്ടുക എന്നത് ഒരു എഴുത്തുകാരനെ സംബന്ധിച്ച് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഭാഗ്യമാണ്'- ജിനു സണ്‍ഡേ ദീപികയോടു പറഞ്ഞു.
കഥാപശ്ചാത്തലം..?
ഇത് മലബാറിലെ ഒരു കഥയാണ്. പത്രങ്ങളിലൊക്കെ വാര്‍ത്തയാകാറുള്ള സ്വര്‍ണക്കടത്ത്, സ്വര്‍ണവേട്ട, കള്ളക്കടത്ത്...അത്തരം കാര്യങ്ങളുമായി മുന്നോട്ടുപോകുന്ന ഭാഗ്യാന്വേഷികളായ ചെറുപ്പക്കാര്‍, അവരുടെ ജീവിതം, പിന്നീട് അവരുടെ ജീവിതത്തിലുണ്ടാകുന്ന അനുഭവങ്ങള്‍, അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു...അത്തരം വിഷയങ്ങള്‍ വാണിജ്യ ചേരുവകളോടെ പറയുകയാണ്. കേരളത്തില്‍ നിന്നു തുടങ്ങി ദുബായ്, നേപ്പാള്‍, ലണ്ടന്‍ എന്നിവിടങ്ങളിലൂടെയാണു കഥാസഞ്ചാരം.
വൈശാഖുമായുള്ള ആദ്യ അനുഭവം..?